ഭാരതപ്പുഴ കയ്യേറ്റം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നാളെ
by RAFEEQ MANI
April 27 04 2023
KUTTIPPURAMഭാരതപ്പുഴ കയ്യേറ്റം വില്ലേജ്
ഓഫീസിലേക്ക് മാർച്ചും
ധർണയും നാളെ
ഭാരതപ്പുഴ കയ്യേറ്റം നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി 28ന് കുറ്റിപ്പുറം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തുന്നു.
കുറ്റിപ്പുറം:ഭാരതപ്പുഴ കയ്യേറ്റം സർവേ നടത്തി കയ്യേറ്റക്കാരെ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കൈയേറ്റം നടക്കുന്നത് സിപിഎമ്മിനെ ഒത്താശയോടെ ആയതുകൊണ്ടാണ് പുഴ കയ്യേറ്റം നടത്തി മതിൽകെട്ടി ഉയർത്തിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പല ഭാഗങ്ങളിലും വൻതോതിൽ മാലിന്യം പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. കയ്യേറ്റം മൂലം പുഴ തോടായി മാറുന്ന സാഹചര്യം ആണ് നിലവിൽ സംജാതമാകുന്നത്. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ബി.ജെപി പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചതായും കെ കെ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതിൻ്റെ ഭാഗമായി 28-ാം തിയ്യതി രാവിലെ 10 മണിക്ക് കുറ്റിപ്പുറം വില്ലേജ് ഓഫീസിനു മുന്നിൽ ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തും. സർക്കാർ കെട്ടിയ ഭാരതപ്പുഴയുടെ അതിർത്തി പൊളിച്ചുമാറ്റിയാണ് പലരും പുഴയിലേക്ക് ഇറക്കി മതിൽ കെട്ടി വ്യാപകമായി കയ്യേറ്റം നടത്തിയിരിക്കുന്നത്. കയ്യേറ്റക്കാർക്കെതിരെ അടിയന്തരമായി ക്രിമിനൽ വകുപ്പ് ചുമത്തി നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബിജെപി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം കെ.കെ.സുരേന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് കെ ടി. അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ പി പി സുരേഷ്, പി ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ,കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് കെ വി ശ്രീശൻ, ഐടിസി കൺവീനർ പി. പ്രഭീഷ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment